വയനാട്ടിൽ മാനന്തവാടി നിരവിൽപുഴ റോഡിൽ തരുവണക്കടുത്ത കരിങ്ങാരിയിലാണ് മേച്ചിലാട്ട് ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.നൂറ്റാണ്ടുകൾ പഴക്കമുളളതാണ് ഇൗ ക്ഷേത്രം.ശ്രീ വില്ല്വമംഗലം സ്വാമിയാർക്ക് ഉണ്ടായ സ്വപ്ന ദർശനത്തെ തുടർന്നാണ് കൃഷ്ണശിലയിൽ തീർത്ത കൃഷ്ണ വിഗ്രഹം പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം.ശിൽപ്പചാതുര്യം നിറഞ്ഞ് നിൽക്കുന്ന അതിമനോഹരവും അതേ പോലെ ചൈതന്യമുളളതുമാണ് ഇവിടെയുളള ശ്രീകൃഷ്ണ വിഗ്രഹം.മറ്റെങ്ങും കാണാത്ത ഒരു പ്രത്യേകതയാണിത്.ഉണ്ണികൃഷ്ണൻ തന്റെ ചെറുപ്പകാലത്ത് കാലി മേച്ച് നടന്ന മേച്ചിൻ കാട് ആണ് മേച്ചിലാട്ട് എന്നായതെന്നാണ് വിശ്വാസം.മാത്രമല്ല,കണ്ണന്റെ കാൽപാദവും കാലികളുടെ കുളമ്പടിയും ഇന്നും ഇവിടെ കാണാം.ആന ചിറ എന്നൊരു ചിറയും ഇവിടെയുണ്ട്.ആന കല്ലായി മാറിയതും ഇവിടെ കാണാം.കൃഷ്ണന്റെ കോപത്താൽ ആന കല്ലായി മാറിയതെന്നാണ് ഐതീഹ്യം.എന്നാൽ ആനചിറയും ആന പാറയും സ്വകാര്യ വ്യക്തികളുടെ സ്ഥലത്താണുളളത്.തെക്കാൻ കാശി എന്നറിയപ്പെടുന്ന ശ്രീ തിരുനെല്ലി ക്ഷേത്രത്തിൽ പിതൃതർപ്പണത്തിന് എത്തുന്നവർ മേച്ചിലാട്ട് ശ്രീകൃഷ്ണന് പാൽപായസം കഴിപ്പിക്കും.അതിന് പുറമെ വർഷത്തിൽ ഒരിക്കൽ തിരുവോണമുട്ടും നടത്തും.